06:28am 11 November 2026
NEWS
നേപ്പാളിൽ ജെൻ സി പ്രതിഷേധറാലിക്കു നേരേയുണ്ടായ വെടിവെയ്പ്പിൽ ഒരാൾ മരിച്ചു
08/09/2025  04:10 PM IST
nila
നേപ്പാളിൽ ജെൻ സി പ്രതിഷേധറാലിക്കു നേരേയുണ്ടായ വെടിവെയ്പ്പിൽ ഒരാൾ മരിച്ചു

നേപ്പാളിൽ ജെൻ സി പ്രതിഷേധം ശക്തമാകുന്നു. രാജ്യത്ത് സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം സർക്കാർ പിൻവലിക്കണമെന്നും അഴിമതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാക്കൾ തെരുവിലിറങ്ങിയത്. പാർലമെന്റിലേക്കു നടന്ന വൻ പ്രതിഷേധ മാർച്ചിനു നേരേ പൊലീസ് വെടിയുതിർത്തു. പൊലീസിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ പ്രക്ഷോഭം കൂടുതൽ ശക്തമാകുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധവുമായി ജെൻ സി തെരുവിലിറങ്ങി. 

 ആയിരക്കണക്കിനു യുവാക്കളാണ് പാർലമെന്റ് മന്ദിരത്തിനു നേരേ മാർച്ച് നടത്തിയത്. ദേശീയ ഗാനം ആലപിച്ചും ദേശീയ പതാകകൾ വീശിയും അഴിമതിക്കും സമൂഹമാധ്യമ നിരോധനത്തിനും എതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുമായിരുന്നു ജെൻ സി പ്രതിഷേധം. പാർലമെന്റിനു പുറത്തെ നിയന്ത്രിത മേഖലയിലേക്കു കടക്കുംമുൻപ് പ്രതിഷേധക്കാരെ പൊലീസ് ത‌‌ടഞ്ഞു. ഇതേ തുടർന്ന് സംഘർഷമുണ്ടാകുകയായിരുന്നു. കണ്ണീർവാതകം പ്രയോഗിച്ചതിനു പിന്നാലെ നടത്തിയ വെടിവയ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. നിരവധി പേർക്കു പരുക്കുണ്ട്. തലസ്ഥാനമായ കഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ മാസം നാലിനാണ് ഫെയ്സ്ബുക്, എക്സ്, ഇൻസ്റ്റഗ്രാം, വാട്സാപ്, യുട്യൂബ്, ലിങ്ക്ഡ്ഇൻ എന്നിവയ‌ടക്കം 26 സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെ നേപ്പാൾ സർക്കാർ നിരോധിച്ചത്. സമൂഹമാധ്യമ ഉപയോഗ നിയന്ത്രണത്തിനുള്ള നിയമമനുസരിച്ച് സമൂഹമാധ്യമങ്ങൾ റജിസ്റ്റർ ചെയ്യണമെന്നു സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിന് സെപ്റ്റംബർ നാലു വരെ സമയവും നൽകി. ആ സമയപരിധി കഴിഞ്ഞും റജിസ്റ്റർ ചെയ്യാതിരുന്ന പ്ലാറ്റ്ഫോമുകളെയാണ് നിരോധിച്ചത്. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img